കാസറഗോഡിനെ തൊട്ടറിയൂ…

ബേക്കല്കോട്ട__

കലോത്സവ നഗരിയായ,
കാഞ്ഞങ്ങാട്ടു നിന്ന് ഏകദേശം ആറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കേരളത്തിലെ ഏറ്റവും വലിയ ചരിത്ര വിസ്മയമായ ബേക്കല്‍ കോട്ടയിലെത്താം. അറബിക്കടലിന്റെ തീരത്ത് ഏതാണ്ട് 30-40 ഏക്കര്‍ വിസ്തൃതിയില്‍ വൃത്താകാരത്തില്‍ പണിതുയര്‍ത്തിയിട്ടുള്ള കോട്ട ഇന്നും പറയത്തക്ക ബലഹീനതകളൊന്നും കൂടാതെ ചരിത്രകുതുകികളെയും സഞ്ചാരികളെയും ആകര്‍ഷിച്ചു കൊണ്ട് തലഉയര്‍ത്തി നില്‍ക്കുകയാണ്.

1650 ഏ.ഡി.യില്‍ ശിവപ്പ നായ്ക്കാണ് കോട്ട നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. ഈ കോട്ട കേന്ദ്ര പുരാവസ്തു ഗവേഷണ വിഭാഗത്തിന്റെ (Archaeological Survey of India) സംരക്ഷിത സ്മാരകമാണ്.

പുറത്തുനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുവാന്‍ മുകളില്‍ പീരങ്കിവെയ്ക്കുവാനുള്ള കൊത്തളങ്ങളും ഉയരമുള്ള നീരീക്ഷിണ ഗോപുരങ്ങളുമായി വലിയ കോട്ടകള്‍ രാജാക്കന്മാര്‍ തങ്ങളുടെ രാജധാനിക്കു ചുറ്റും നിര്‍മ്മിക്കുന്നത് പണ്ട് സാധാരണമായിരുന്നു. എന്നാല്‍ അസാമാന്യ വിസ്തൃതിയുള്ള ബേക്കല്‍ കോട്ടയ്ക്കുള്ളില്‍ രാജധാനിയോ ഭരണപരമായ കാര്യനിര്‍വഹണത്തിനു വേണ്ടിയുള്ള കെട്ടിടങ്ങളോ ഒന്നും തന്നെ നിര്‍മ്മിക്കപ്പെട്ടിരുന്നില്ലെന്നതാണ് ഒരു പ്രത്യേകത. കോട്ടയ്ക്കുള്ളില്‍ നിന്നുകൊണ്ട് കടലിലെ കാഴ്ച വളരെ ദുരം വരെ കാണാന്‍ നിരവധി ദ്വാരങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ കടലില്‍ നിന്നു നോക്കുന്നവര്‍ക്ക് ഇതെളുപ്പം ശ്രദ്ധയില്‍ പെടുന്നതുമല്ല. വളരെ ദൂരെ നിന്നു വരുന്ന കപ്പലുകള്‍ വീക്ഷിക്കുവാന്‍ ഇവ സഹായകമാണ്. കോട്ടയുടെ മദ്ധ്യഭാഗത്തുള്ള നിരീക്ഷണ ഗോപുരത്തിലേക്കു കയറുവാന്‍ വീതിയേറിയ ചരിഞ്ഞ പാത നിര്‍മ്മിച്ചിട്ടുണ്ട്. പ്രവേശന കവാടത്തിനു സമീപം പത്തടിയിലേറെ വീതിയുള്ള കിടങ്ങും ഉണ്ട്. നിരീക്ഷണ ഗോപുരം ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ചതാണെന്നും ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. മലബാര്‍ കീഴടക്കാനെത്തിയ ടിപ്പുവിന്റെ സൈന്യത്തിന് ബേക്കല്‍കോട്ട ഒരു പ്രധാന താവളമായിരുന്നു.
കേരള സര്‍ക്കാര്‍ ബേക്കല്‍കോട്ട ഒരു പ്രധാനപ്പെട്ട ടൂറിസ്റ്റു കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ ‘സ്‌പെഷ്യല്‍ ടൂറിസം’ ഏരിയകളുടെ കൂട്ടത്തില്‍ ബേക്കല്‍ കോട്ടയുമുണ്ട്.

റാണിപുരം_

കാസര്‍ഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം ആണ് റാണിപുരം. മാടത്തുമല എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1970-കളിൽ കോട്ടയത്തെ കത്തോലിക്കാ രൂപത കോടോത്തുകുടുംബത്തിൽ നിന്നും കുടിയേറ്റത്തിനുവേണ്ടി വാങ്ങുകയായിരുന്നു. കുടിയേറ്റക്കാർ ഈ സ്ഥലത്തിന് പരിശുദ്ധമറിയത്തിന്റെ ഓർമ്മയ്ക്കായി റാണിപുരം എന്ന പേരുകൊടുത്തു. കുടിയേറ്റത്തിനു മുൻപുള്ള ആചാരങ്ങൾ ഇന്നും നിലനിൽക്കുന്നു. പ്രകൃതിദേവിയെ പ്രസാദിപ്പിക്കുവാനുള്ള ‘തെയ്യം‘ എല്ലാ മെയ് മാസത്തിലും നടക്കുന്നു. ഇന്ന് റാണിപുരത്തെ ജനസംഖ്യയുടെ ഒരു വലിയ ഭാഗം മറാത്തികളാണ്. മുൻപ് വടക്കുനിന്നും കുടിയേറിപ്പാർത്തവരുടെ പിന്മുറക്കാരാണ് ഇവർ. കൂർഗ് മലനിരകളിൽ കടൽനിരപ്പിൽ നിന്ന് 1016 മീറ്റർ ഉയരത്തിലായി ആണ് റാണിപുരം കൊടുമുടി സ്ഥിതിചെയ്യുന്നത്. കാഞ്ഞങ്ങാടിന് 48 കിലോമീറ്റർ കിഴക്കായി പാണത്തൂർ റോഡ് പാനത്തടിയിൽ പിരിയുന്ന ഇടത്തു നിന്നും ഒമ്പതു കിലോമീറ്റർ അകലെയാണ് റാണിപുരത്തിന്റെ സ്ഥാനം.

റാണിപുരത്തിന്റെ പ്രകൃതിസൗന്ദര്യം ഊട്ടിയോട് ഉപമിക്കാം. എങ്കിലും ഊട്ടിയെപ്പോലെ അത്രയും തടാകങ്ങളൊന്നും റാണിപുരത്ത് ഇല്ല. വിനോദസഞ്ചാരത്തിനായി മലകയറുവാൻ ഒരു നല്ല സ്ഥലമാണ് റാണിപുരം മലനിരകൾ. രണ്ട് മലകയറ്റ പാതകൾ ഇടതൂർന്ന നിത്യഹരിത വനങ്ങൾക്ക് ഇടയ്ക്കുകൂടി ഉണ്ട്. മലകയറ്റ പാതയിൽ ഇടയ്ക്കിടക്കായി മലചെത്തിയ പടികൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ കാട്ടുവഴികളിലെ പ്രകൃതിസൗന്ദര്യം മനോഹരമാണ്. മലമുകളിൽ (“മണി”യിൽ) എത്തുമ്പോഴുള്ള കാഴ്ച അതിമനോഹരമാണ്.

അനന്തപുരംതടാകക്ഷേത്രം_

കാസർകോട് ജില്ലയിലെ ബേക്കലിനടുത്താണ് അനന്തപുര തടാക ക്ഷേത്രം. തിരുവന്തപുരത്തെ ശ്രീപത്മനാഭസ്വാമിയുടെ മൂലസ്ഥാനം ഈ ക്ഷേത്രമാണെന്നാണ് കരുതപ്പെടുന്നത്. ഇരുക്ഷേത്രങ്ങളിലെയും ആരാധനാമൂർത്തി ശ്രീ പത്മനാഭൻ തന്നെയാണ്. ഏറെ വിചിത്രമാണ് അതുമായി ബന്ധപ്പെട്ട ഐതീഹ്യ കഥകൾ. വില്വ മംഗല സ്വാമികളായിരുന്നു ആദ്യകാലത്തു ക്ഷേത്രത്തിലെ പൂജാദികർമങ്ങൾ നിർവഹിച്ചിരുന്നത്. അദ്ദേഹത്തെ സഹായിക്കാനായി എവിടെ നിന്നോ വന്നൊരു ബാലനുമുണ്ടായിരുന്നു. വളരെ കുസൃതിയായിരുന്ന ആ ബാലനെ അദ്ദേഹം ഒരിക്കൽ തള്ളിമാറ്റുകയും അവൻ തെറിച്ചു വീഴുകയും ചെയ്തു. ഇനി എന്നെ കാണണമെങ്കിൽ അനന്തൻ കാട്ടിലേക്ക് വന്നാൽ മതിയെന്ന് പറഞ്ഞു കൊണ്ട് ആ ബാലൻ അപ്രത്യക്ഷനായി. കൂടെയുണ്ടായിരുന്നത് സാക്ഷാൽ വിഷ്ണു ഭഗവാനാണെന്നറിഞ്ഞ വില്വ മംഗലം സ്വാമികൾ തെക്കോട്ടു സഞ്ചരിക്കുകയും ദിവ്യ തേജസ് കണ്ട അനന്തൻക്കാട്ടിൽ ഭഗവാനെ പ്രതിഷ്ഠിക്കുകയുമായിരുന്നു. ആ അനന്തൻക്കാടിന്ന് പത്മനാഭസ്വാമികളുടെ തട്ടകമായ തിരുവനന്തപുരമാണ്.
ഒമ്പതാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിർമിച്ചതെന്ന് കരുതപ്പെടുന്നു. പുരാതന വാസ്തുവിദ്യയുടെ സമോഹനമായ കാഴ്ചകൾ ഈ ക്ഷേത്രത്തിന്റെ നിർമാണത്തിൽ കാണുവാൻ കഴിയുന്നതാണ്. തടാകത്തിനു നടുവിൽ നിർമിച്ച ക്ഷേത്രമായതു കൊണ്ട് തന്നെ കടുത്ത മഴയിൽ ജലനിരപ്പുയരുമോ എന്ന സംശയം സ്വാഭാവികമായും ഉണർന്നേക്കാം. പക്ഷേ, ആ കാര്യത്തിലും ഈ ക്ഷേത്രം ഒരു അത്ഭുതമാണ്. എത്ര കടുത്ത മഴയിലും ഈ ക്ഷേത്രത്തിലെ ജലനിരപ്പ് ഉയരാറില്ല. തടാകത്തിന്റെ വലതുവശത്ത് ഒരു ഗുഹയുടെ പ്രവേശന കവാടം ഉണ്ടെന്നും ആ ഗുഹ തിരുവനന്തപുരം വരെ നീളുന്നതാണെന്നും അതിലൂടെയാണ് അനന്തപത്മനാഭൻ തിരുവനന്തപുരത്തേക്ക് പോയതെന്നുമാണ് വിശ്വാസം.

തടാകത്തിലെ സസ്യാഹാരം മാത്രം കഴിക്കുന്ന മുതലയും ക്ഷേത്രത്തിലെത്തുന്നവർക്കു ഒരു കൗതുക കാഴ്ചയാണ്. ബാബിയ എന്ന വിളിപ്പേരുള്ള തടാകത്തിലെ മുതലയ്ക്ക് പൂജാരിമാർ നൽകുന്ന നിവേദ്യചോറാണ് ഭക്ഷണം. തടാകത്തിലെ മീനുകളെ പോലും ഭക്ഷിക്കുന്ന ശീലം ഈ മുതലയ്ക്കില്ല എന്നാണ് വിശ്വാസം. ക്ഷേത്രത്തിലെത്തുന്നവർക്ക് ഈ മുതലയുടെ ദർശനം എല്ലായ്‌പ്പോഴും ലഭിക്കണമെന്നില്ല. ഇതിനെ കാണുവാൻ കഴിയുന്നത് പോലും പുണ്യമായാണ് കരുതപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഈ തടാകത്തിലുണ്ടായിരുന്ന മുതലയെ അവർ വെടിവെച്ചു കൊന്നു. ഇപ്പോഴുള്ളത് എവിടെ നിന്ന് വന്നു എന്നതിനെ കുറിച്ച് ആർക്കും യാതൊരു അറിവുമില്ല. തനിയെ തടാകത്തിൽ പ്രത്യക്ഷപ്പെട്ടതാണ് ആളുകൾ സ്നേഹത്തോടെ ബാബിയ എന്ന് വിളിക്കുന്ന നിരുപദ്രവകാരിയായ ഈ മുതല.

പഞ്ചലോഹത്തിലോ ശിലയിലോ അല്ലാതെ കടുശർക്കര എന്ന ഒരു സവിശേഷ കൂട്ടിൽ നിർമ്മിച്ചതാണ് ഈ ക്ഷേത്രത്തിലെ ഭഗവാന്റെ വിഗ്രഹം. ശർക്കരയും മെഴുകും നല്ലെണ്ണയും ഗോതമ്പുപൊടിയും ഉൾപ്പെടെ അറുപത്തിനാല് ചേരുവകൾ കൂട്ടിചേർത്ത് നിർമിച്ചിട്ടുള്ളതാണ് കേൾവിക്കാരിൽ വിസ്മയമുണർത്തുന്ന പത്മനാഭന്റെ വിഗ്രഹം. കൃത്രിമ ചായക്കൂട്ടുകളില്ലാതെ തീർത്തും പ്രകൃതിദത്തമായി നിർമിച്ച ചായങ്ങൾ കൊണ്ട് വരച്ച ക്ഷേത്ര ചുവരുകളിലെ ചിത്രങ്ങൾ ആരിലും കൗതുകമുണർത്തുന്നവയാണ്. ഈ ചിത്രങ്ങൾക്ക് ആയിരത്തിലേറെ വർഷങ്ങളുടെ പഴക്കമുണ്ടെന്നതാണ് ഇവയെ സംബന്ധിച്ച വേറൊരു വലിയ വസ്തുത.

കാസർകോട്, ബേക്കലിൽ നിന്നും 25 കിലോമീറ്റർ മാത്രമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.

നിത്യാനന്ദാശ്രമം_

കാസര്‍ഗോഡ് ജില്ലയിലെ ഒരു ആശ്രമമാണ് നിത്യാനന്ദാശ്രമം. സ്വാമി നിത്യാനന്ദ ആണ് ഈ ആശ്രമം സ്ഥാപിച്ചത്. മുൻപ് ഈ ആശ്രമം നിൽക്കുന്ന സ്ഥലം വനപ്രദേശമായിരുന്നു. ഇവിടെ ഒരു മലയോരത്ത് സ്വാമി 45 ഗുഹകൾ നിർമ്മിച്ചു. ഈ ഗുഹകളിൽ ഇരുന്ന് ഭക്തർക്ക് ധ്യാനിക്കാം. 1963-ൽ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ മാതൃകയിൽ നിർമ്മിച്ച ഒരു ക്ഷേത്രവും ഇവിടെ ഉണ്ട്. സ്വാമി നിത്യാനന്ദയുടെ പഞ്ചലോഹത്തിൽ നിർമ്മിച്ച ഒരു പൂർണ്ണകായ പ്രതിമയും ഇവിടെ ഉണ്ട്. സ്വാമി ഇരിക്കുന്ന രൂപത്തിൽ ആണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്.

ഹോസ്ദുർഗ്ഗ് കോട്ടയ്ക്ക് അടുത്തായി 25 ഏക്കർ സ്ഥലത്താണ് ഈ ആശ്രമം സ്ഥിതിചെയ്യുന്നത്. ഭഗവദ് ഗീതയിൽ നിന്നുള്ള രംഗങ്ങളുടെ ചില മനോഹരമായ ശില്പങ്ങളും ഈ ആശ്രമത്തിൽ ഉണ്ട്.

വലിയപറമ്പ്ദ്വീപ്__

കാസർകോട് ജില്ലയിലാണ് വലിയപറമ്പ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. കവ്വായി കായലിലാണ് ഈ ദ്വീപ് കാസർകോട് എത്തുന്ന വിനോദ സഞ്ചാരികളുടെ വലിയ ആക്ർഷണമാണ്. ഒന്നിലധികം തുരുത്തുകൾ ചേർന്നതാണ് ഈ ദ്വീപ്. ബേക്കലിൽ നിന്ന് 30 കിലോമീറ്റർ യാത്ര ചെയ്താൽ ഈ ദ്വീപിൽ എത്താം.

ആനന്ദാശ്രമം_

കാഞ്ഞങ്ങാട് നഗരത്തിൽ നിന്ന് 3 കിലോമീറ്റർ അകലെ മാവുങ്കാലിൽ സ്ഥിതിചെയ്യുന്ന ആനന്ദാശ്രമം 1939 ൽ സ്വാമി രാംദാസാണ് സ്ഥാപിച്ചത്.[1] പ്രകൃതി ഭംഗി കൊണ്ടും പ്രശാന്തത കൊണ്ടും ഇന്ത്യയ്ക്കകത്തും പുറത്തും നിന്നും ഒട്ടേറെ സഞ്ചാരികളെ ആകർഷിക്കുന്ന ആശ്രമം ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങളും നടത്തി വരുന്നു….

Scroll to Top
Tweet
Share
Pin
Share